ആകെ പേജ്‌കാഴ്‌ചകള്‍

2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച

വിഷുക്കണി




മുറ്റത്തെ കണിക്കൊന്നമൊട്ടുകൾ വിരിഞ്ഞല്ലോ
മുത്തമിട്ടല്ലോ മീനമാസത്തെ ചുടുതെന്നൽ
എന്തിത്ര നേരത്തേ നീ മന്ദഹാസവുമായി
വന്നെത്തീ?” വിഷുപ്പക്ഷി ചോദിച്ചൂ ഭയത്തോടെ

പൊന്നിനു വിലകൂടി, മേടമാകുമ്പോഴേക്കും
ഉന്നതമാകും വിലയെന്നു നീ നിരൂപിച്ചോ
മണ്ണിനു മണിത്താലി നേരത്തേ ചാർത്തീ ? ദൂരെ
വിണ്ണിലെ പെണ്ണിന്നപ്പോൾ തുടുത്തൂ കവിളുകൾ !

കാവ്യസമ്പത്താൽ ധന്യമാകിയ മലയാള-
കന്യയ്ക്കു ചാർത്താൻ കാവ്യഹാരങ്ങളില്ലാതാണോ
ഒരു ഗ്രാം തങ്കംകൊണ്ടു തീർത്തുള്ള പൂശുമാല
കവികൾ ചാർത്തിക്കുന്നൂ? മോഹനമെന്നോതുന്നൂ?

അക്ഷരം തെറ്റില്ലാതെ എഴുതാൻ പഠിക്കാത്തോർ
വിശ്രുത മഹാകവിയെന്നല്ലോ ചമയുന്നു
ലജ്ജിക്ക മലയാളമങ്കേ ! നീ പറയുന്ന-
തൊക്കെയും മംഗ്ളീഷായി മാറിപ്പോയ് ദയനീയം...

മന്ത്രിമാർ പൂരപ്പാട്ടു പാടുന്നൂ, അരങ്ങതിൽ
ചന്തത്തിൽ ശിവതാണ്ഡവത്തിനു മുതിരുന്നു.
ഗുരുവെ പഠിപ്പിക്കാൻ ബുദ്ധിമുട്ടുന്നൂ ശിഷ്യർ,
ഇരുകാലിയാം മൃഗം മകളെ പ്രാപിക്കുന്നു.

കള്ളന്മാർ പോലീസിനെ ചാക്കിട്ടു പിടിക്കുന്നു,
വെള്ളവും മണലുമിന്നുറക്കം കെടുത്തുന്നു,
കണ്ണീരു പൊഴിക്കുന്നു മാലിന്യക്കൂമ്പാരങ്ങൾ,
ഉണ്ണാതെയിരിക്കുന്നു വായയില്ലാത്തോർ നാട്ടാർ.

ക്രൂരമാം കൊലപാതകങ്ങളോ പെരുകുന്നു
കോടികൾ ഗാന്ധിച്ചിത്രം പേറി ഹാ! മറയുന്നു
നീതിദേവതയെന്ന ഗാന്ധാരിതൻ കണ്മുന്നിൽ
നൂറ്റവർ ചിരിക്കുന്നു, പാഞ്ചാലി വിതുമ്പുന്നു.

ആരൊരുക്കീടും വിഷുക്കണി, യെന്നകത്തളം
നോവുമ്പോൾ, ചിരിതൂകി ചൊല്ലുന്നു ടീവീ ചാനൽ:
ചാരിയീ കസേലയിലിരിക്കൂ സഖേ ! നാടിൻ
ചാരുദൃശ്യങ്ങൾ കാണാൻ ബട്ടനൊന്നമർത്തുക.

12 അഭിപ്രായങ്ങൾ:

  1. "മന്ത്രിമാർ പൂരപ്പാട്ടു പാടുന്നൂ, അരങ്ങതിൽ
    ചന്തത്തിൽ ‘ശിവതാണ്ഡവ’ത്തിനു മുതിരുന്നു.
    ഗുരുവെ പഠിപ്പിക്കാൻ ബുദ്ധിമുട്ടുന്നൂ ശിഷ്യർ,
    ഇരുകാലിയാം മൃഗം മകളെ പ്രാപിക്കുന്നു....."
    പെക്കൂത്തുകള്‍ക്കിടയില്‍ മറ്റൊരു വിഷുക്കാലം കൂടി ...നന്നായി കവിത ! വിഷു ദിനാശംസകള്‍ .....!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി മുഹമ്മദ്‌ കുട്ടി

      ഇല്ലാതാക്കൂ
  2. ആനുകാലിക സംഭവങ്ങളിലൂടെ
    വിഷു കടന്നു വരുന്നു.

    മറുപടിഇല്ലാതാക്കൂ
  3. ആശംസകള്‍. വേറെ നമുക്കെന്ത് പറയാനാവും !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല കാലം വരുവാനായി പ്രാർത്ഥിക്കാം. അജിത്ത്‌

      ഇല്ലാതാക്കൂ
  4. ഒരു സങ്കടക്കടല്‍ ഇരമ്പുന്നു, ഈ വരികളില്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി മുഹമ്മദ്‌ .അതെ, നമ്മുടെ നാടിന്റെ പോക്ക്‌ കണ്ട്‌ ലജ്ജിച്ച്‌ പോകുന്നു

      ഇല്ലാതാക്കൂ
  5. എന്തൊക്കെയായാലും വിഷു ആശംസകള്‍ ...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സലിം. സന്തോഷം നന്ദി. താങ്കൾക്കും എന്റെ വിഷു ആശംസകൾ നേരുന്നു.

      ഇല്ലാതാക്കൂ
  6. ഒരു കാൽപ്പനിക കവിതയുടെ ഭംഗിയോടെ തുടങ്ങിയ കവിത,ഒരു ഗ്രാം തങ്കം.... മുതൽ സമകാലിക സംഭവങ്ങൾ കോർത്തിണ ക്കിയപ്പോൾ അതിൻറെ മട്ടും ഭാവവും മാറി. കവിത എഴുതുന്ന ആ വിരുത്, ക്രാഫ്റ്റ്, കൊള്ളാം. കവിത നന്നായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ബിപിൻ. പറയാനുള്ളത്‌ കവിതയിലാക്കി എന്നു മാതം

      ഇല്ലാതാക്കൂ