ആകെ പേജ്‌കാഴ്‌ചകള്‍

2015, ഏപ്രിൽ 2, വ്യാഴാഴ്‌ച

വേഴാമ്പൽ



ദാഹിച്ചുനില്ക്കുന്ന മൺതരിയെക്കണ്ടു
മോഹിച്ചു നില്ക്കുന്ന നീരദവ്യൂഹമേ,
നിന്നനുരാഗ സന്ദേശവുമായിതാ
വന്നൂ ശിരസ്സു കുനിക്കുന്നു മാരിവിൽ !

ആശിച്ചു മണ്ണുകുഴിച്ചു വെൺകല്ലിനാൽ
പേശലകാന്തിയിൽ കെട്ടിപ്പടുത്തു ഞാൻ
കൂപമൊന്നെന്നാലിതുവരെ കണ്ടില്ല
ദാഹം ശമിപ്പിച്ചിടാൻ ജലലേശവും

കൂടുതലാഴങ്ങൾ തേടുമെൻ ഭാവന-
കൂടി തളർന്നു, വരണ്ടുപോയ് ചുണ്ടുകൾ
കത്തിജ്ജ്വലിക്കുന്ന ചൂടാണു ചുറ്റിലും
വറ്റിയ കൂപമായ് മാറിയെൻ കണ്ണുകൾ

അന്നു പതിവിലും നേരത്തെ മാനത്തു
വന്നുനിരന്നു കരിമുകിൽ കന്യകൾ
മിന്നി അവരുടെ പൊന്നിൻ ചിലങ്കകൾ
പൊങ്ങി മൃദംഗരവവുമിടയ്ക്കിടെ

ചുട്ടുതപിക്കും ഗിരിനിര കൈകൂപ്പി
വൃഷ്ടിവരത്തിനായ് മോഹിച്ചു നില്ക്കവെ,
ചില്ലകൾ വിണ്ണിൽ തൊടുക്കുവാനായ് സ്വയം
വില്ലൂന്നി മാമരജാലമൊരുങ്ങവെ

ധാരയായ് താഴോട്ടു വീണു കുളിരണി-
ത്തോരണം മണ്ണിന്നു ചാർത്തുവാൻ മാരിയും
തോടും പുഴയും കവിഞ്ഞു, വരണ്ടുള്ള
നാടും നഗരവുമൊക്കെ കുളിർക്കിലും

ഞാൻ കുഴിച്ചുള്ളൊരീ കൂപത്തിലിപ്പൊഴും
കാണ്മാൻ കഴിഞ്ഞില്ല തെല്ലും ജലകണം !
എന്തിനോ ഞാനറിയാതെയടർന്നുപോയ്
രണ്ടിറ്റു ചൂടുള്ള കണ്ണുനീർത്തുള്ളികൾ.

4 അഭിപ്രായങ്ങൾ:

  1. അവസാനം കണ്ണീര്‍ജലാശയം!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങനെയും പറയാം. പക്ഷെ ഉപ്പുവെള്ളമായിരിക്കും

      ഇല്ലാതാക്കൂ
  2. ഇത്രയും ജലം ഉണ്ടായിട്ടും സ്വന്തമായി ഒരു കൂപം വേണമെന്നത് സ്വാർത്ഥത. ഈ പേമാരിയിലും ജലം കിട്ടിയില്ല എന്നത് വിധി വൈപരീധ്യം.

    മറുപടിഇല്ലാതാക്കൂ
  3. സ്വന്തമായി ഒരു വീട്‌ വേണമെന്നു തോന്നുന്നതുപോലെ തന്നെ. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

    മറുപടിഇല്ലാതാക്കൂ