ആകെ പേജ്‌കാഴ്‌ചകള്‍

2013, ജനുവരി 31, വ്യാഴാഴ്‌ച

പാഞ്ചാലി




നീ....അഞ്ചുപേർക്ക്‌ കിടക്ക വിരിച്ചവൾ,
പുഞ്ചിരിച്ച്‌ മയക്കിയെടുത്തവൾ,
കൊഞ്ചിക്കുഴഞ്ഞാടിയവൾ,
പഞ്ചാമൃതം പകർന്നു നൽകിയവൾ.....
ഇപ്പോൾ നീ പതിവ്രത ചമയുമ്പോൾ
ഈ ദുശ്ശാസനന്‌ വരുന്നത്‌ ചിരിയാണ്‌
നിന്റെ തുണി ഞാനുരിയുമ്പോൾ,
നിന്റെ ഉള്ളിലെ അഭിനിവേശം ഞാൻ അറിയുന്നു
എന്നിട്ടും കരയുന്നോ?, അഭിനയിക്കുന്നോ?
അതോ, ആനന്ദാശ്രു പൊഴിക്കുന്നോ ?
പതിനാറായിരത്തെട്ടിന്റെ
പതിവു സേവക്കാരനെ ഉറക്കെ വിളിക്കുന്നോ?
അഞ്ചുപേർക്ക്‌ മാറ്റാനാവാത്ത നിന്റെ
പഞ്ചശരരോഗം,
തീർത്തും മാറ്റും ഞങ്ങൾ നൂറു വൈദ്യർ
കൃഷ്ണാ ! കണ്ണടച്ചുകൊൾക
പെണ്ണിൻ ചേല കട്ടവൻ നീ,
ആലിൻ കൊമ്പിൽ ചാർത്തിയോൻ നീ,
ഗോപികമാരെ നഗ്നരാക്കി
നടത്തിച്ചു രസിച്ചോൻ നീ
അതൊന്നും കുറ്റമല്ലെങ്കിൽ
കൃഷ്ണാ ! ഇതാണോ പിന്നെ ?

2013, ജനുവരി 20, ഞായറാഴ്‌ച

കാഞ്ചനമൃഗം




"പുള്ളിമാനിറച്ചിയാണെനിക്കു പ്രിയം" ചൊല്ലീ
പുള്ളിക്കാരിയെൻ പ്രിയ; കടിഞ്ഞൂൽക്കൊതിമൂലം
പുളിമാങ്ങയോ, പല്ലുകോടുന്ന നാരങ്ങയോ,
പുളിതന്നെയോ തിന്നാൽ പോരേ,യെൻ മനം ചൊല്ലി !
എവിടെ കിട്ടും പുള്ളിമാനിറച്ചിയെന്നോർത്തെ-
ന്നകതാരിലെ വ്യാധൻ നിദ്രവിട്ടുണർന്നല്ലോ.
ഇവൾ മറ്റൊരു സീത, കാഞ്ചനമൃഗത്തിന്റെ
പിറകെ പോകാൻ പണ്ടു രാമനെയയച്ചവൾ,
കൂട്ടിനായെല്ലാം വിട്ടു വന്നവൾ, സുഖദു:ഖം
കാട്ടിലും പങ്കിട്ടവൾ, രാവണൻ മോഷ്ടിച്ചവൾ.
ഇവൾതൻ വയറ്റിലെ കരു ആസുരമെന്നു
പറയാൻ തുനിയാതെ നാവേ ! നീയടങ്ങുക
പോവുക, തിരയുക കാഞ്ചനമൃഗത്തിനെ
കാടു നീങ്ങിയ വന്യമൃഗസങ്കേതങ്ങളിൽ
കല്ല്യാണസൗഗന്ധികപുഷ്പവും തേടി പണ്ടു
മല്ലനാം ഭീമൻ പോയ കാര്യവുമോർത്തീടുക
കൂട്ടിനു കൂട്ടി രണ്ടു നായാട്ടുകാരെ കൂടെ
തോക്കുമായ്‌, വനപാലരുറങ്ങും കാട്ടിന്നുള്ളിൽ.
പുള്ളിമാനിനെ മാത്രം വെക്കുക വെടി, നോട്ട-
പ്പുള്ളിയാക്കാതെ പുള്ളിപ്പുലിയെ, സിംഹത്തിനെ.
നാളുകൾ കഴിഞ്ഞിട്ടും കണ്ടില്ല മൃഗങ്ങളെ,
നീളുന്നു യാത്ര; കാടു മുഴുവൻ നാടായല്ലോ.
നിറയെ കാണാം കാലിക്കുപ്പികൾ, കടലാസി-
ന്നുറകൾ, പ്ലാസ്റ്റിക്കിന്റെ യുത്സവം കാട്ടിൽത്തന്നെ 
കാട്ടിലെ വാസം വിട്ടിട്ടഭയം തേടീടുന്നു
വീട്ടിലെ മുറിക്കുള്ളിൽ രാജവെമ്പാലക്കൂട്ടം
കാണ്മതില്ലൊരു വന്യമൃഗത്തെപ്പോലും കാട്ടിൽ,
കാഞ്ചനമൃഗം വെറും മായയായ്‌ മറഞ്ഞെന്നോ ?
എവിടെ കാട്ടാറുകൾ, കിളികൾ, കപോതങ്ങൾ,
കവികൾ പുകഴ്ത്തുന്ന മോഹന മയൂരങ്ങൾ ?
എവിടെ കാട്ടാനകൾ, സിംഹങ്ങൾ, മുയലുകൾ,
ചെവികളടപ്പിക്കും ചീവീടിൻ മൂളിച്ചകൾ ?
നായാട്ടു മതിയാക്കി ഹതഭാഗ്യരായ്‌ ഞങ്ങൾ
കാടു വിട്ടീടും നേരം കണ്ടു ഞാനൊരു കാഴ്ച
ഒരുപുള്ളിമാനിന്റെ അസ്ഥിപഞ്ജരം താഴെ
കുഴിയിൽ കിടക്കുന്നു മാരീചൻ വെടിഞ്ഞപോൽ.
തന്നുദരത്തിൽ കണ്ടൂ പ്ലാസ്റ്റിക്ക്‌ സഞ്ചിക്കൂട്ടം
തിന്നതു ദഹിക്കാതെ പുള്ളിമാൻ മിഴിപൂട്ടി.
"എൻ പ്രിയേ ! നിനക്കുണ്ടോ പ്ലാസ്റ്റിക്ക്‌ തിന്നാൻ മോഹം ?"
എന്നിലെ പരിസ്ഥിതിപ്രേമികൻ ചോദിക്കുന്നൂ.

2013, ജനുവരി 19, ശനിയാഴ്‌ച

വടി





വൃദ്ധനെന്നോതാതെന്നെ മക്കളേ....
പിറന്നൊരീ വീട്ടിൽ നിന്നിറക്കാതെ,
കാട്ടിലേക്കയക്കാതെ !
പാപിയാം ദശരഥൻ ഞാനല്ലോ,
ജ്വലിപ്പിക്കൂ യാഗാഗ്നി നിങ്ങൾ
പുത്തൻ പിതൃകാമേഷ്ടിക്കായി
മാറുമീക്കാലത്തിന്റെ
മാറ്റങ്ങളുൾക്കൊണ്ടീടുമ്മാറു
ഞാൻ നേടി പുതു ചൈതന്യം നിരന്തരം
നേടി ഞാൻ ശാസ്ത്രങ്ങളിൽ പ്രാവീണ്യം
പുതിയവ തേടി ഞാൻ പഠിക്കുന്നു
കണ്ണടച്ചില്ലിൽക്കൂടി
പാടി ഞാൻ  "ഡിസ്കൊ ഡിസ്കൊ"
നിങ്ങളോടൊപ്പം നൃത്തമാടി ഞാൻ
വാർദ്ധക്യത്തിൻ ക്ഷീണത്തിൽ തളരാതെ
ആകെയും നരച്ചൊരെൻ
മുടി ഡൈ ചെയ്തും
പുത്തൻ ഫേഷനിൽ, റെഡിമെയ്ഡിൽ
നിങ്ങളിലൊരാളായി
വേഷമിട്ടീടുന്നു ഞാൻ, എന്നിട്ടും
തരികയോ കാഷായമെനിക്കിപ്പോൾ
വേണ്ടതു ചൂരൽ വടി !
വടിയെന്തിനു?
നട്ടെല്ലിന്നില്ല ക്ഷതം,
ഒട്ടും തടികൂടിയിട്ടില്ല,
ബലഹീനതയില്ല !
നീണ്ടൊരെന്നനുഭവപാഠങ്ങൾ
നിങ്ങൾക്കുള്ള ചൂണ്ടുചിഹ്നമായ്‌
മുന്നിൽ കാട്ടുമ്പോൾ, പറയുമ്പോൾ
കേൾക്കാതെ, ശ്രദ്ധിക്കാതെ
പുഛിക്കും യുവത്വത്തിൻ
നേർക്കു വീശുവാൻ വേണ്ടി
നൽകുകിന്നൊരു വടി
"ഇല്ലനുസരണമീയച്ഛനെ"ന്നോതും
നിങ്ങൾക്കുണ്ടാകും മക്കൾ
നാളെ നിങ്ങൾക്കും വടി വേണ്ടേ ?


2013, ജനുവരി 16, ബുധനാഴ്‌ച

ഇലയും പൂവും





പുലരിച്ചെന്തുടുപ്പേറ്റു
മലകൾ പുഞ്ചിരിക്കവെ,
കാനനങ്ങൾ കരിങ്കൂന്തൽ
കോതി കണ്ണുതുറക്കവെ,

തേനൂറും പൂക്കൾ വണ്ടത്താൻ
തേടിച്ചുറ്റും പറക്കവെ,
തൈമണിക്കാറ്റിലാടുന്നു
ദൂരെ പിച്ചക വല്ലരി

ഏറെ നാളായ്‌ കൊതിക്കുന്നു
പിച്ചിത്തൈയൊന്നു നേടുവാൻ
കിട്ടിയില്ല ശ്രമിച്ചിട്ടും
വിത്തൊന്നും, കാലദോഷമോ?

എന്റെ മുറ്റത്തൊരു കരി-
ന്തുളസിച്ചെടിയേകയായ്‌
എത്രയോ കാലമായ്‌ നിൽപ്പൂ
സ്വപ്നദർശനലോലയായ്‌

ചുറ്റും പൂമണമേകീടാൻ
പിച്ചിപ്പൂക്കൾ വിരിഞ്ഞീടിൽ
കരിന്തുളസി മുറ്റത്തെ
പച്ചക്കാടായി മാറുമോ?

മോടിയുള്ള നറും പൂക്കൾ
മാടിമാടി വിളിക്കവെ
സൗഹൃദങ്ങൾ വളർന്നീടും
സൗഗന്ധത്തിലലിഞ്ഞിടും

കരിന്തുളസി നിത്യേന
പരിശുദ്ധ ദളങ്ങളാൽ
സന്ധ്യാനാമം ജപിച്ചീടും
മുക്തിചിന്ത വളർത്തിടും

എങ്കിലും ഞാനുമാശിപ്പൂ
പിച്ചകച്ചെടി നട്ടിടാൻ
മൃദുലപ്പൂം ദളം കൊണ്ടു
പൂജിക്കാനിഷ്ടദേവിയെ.....

ഇഛയ്ക്കൊപ്പം സുഹൃത്തേകി
പിച്ചകച്ചെടിവിത്തുകൾ
പാകി ഞാനവമുറ്റത്തു
പാകമായി മുളച്ചിടാൻ

മാസം രണ്ടു കഴിഞ്ഞിട്ടും
മാനം പൂത്തു വിരിഞ്ഞിട്ടും
മനസിൽ നട്ടുപോയുള്ളോ-
രാശാവല്ലരി പൂത്തില്ല

മഴക്കാലം കഴിഞ്ഞെങ്ങും
വിരിഞ്ഞൂ പല പൂവുകൾ
തുളസിക്കും തെഴുപ്പേറെ
മുളച്ചില്ലൊരു പിച്ചിയും

ഒരുനാൾ കണ്ടു കാലത്തു
പറമ്പിന്നൊരു കോണിലായ്‌
മുൾപ്പടർപ്പിനിടയ്ക്കെന്റെ
പിച്ചി പൂവിട്ടു നിൽപ്പതായ്‌

മഴയിൽ മുങ്ങി വിത്തെല്ലാ-
മൊഴുകിപ്പോയപോക്കിലും
തളിരും താരുമേന്തീട്ടു
തലയാട്ടിച്ചിരിക്കയായ്‌ !

കാലമെന്നെ ചതിക്കിലും
കാത്തിരുന്നു മടുക്കിലും,
തുളസിക്കൊപ്പം മുറ്റത്തു
പിച്ചിച്ചെടി നടില്ല ഞാൻ.


2013, ജനുവരി 7, തിങ്കളാഴ്‌ച

ക്ഷേത്രദർശനത്തിന്റെ ശാസ്ത്രീയത




പുരുഷന്മാർ മേൽ വസ്ത്രം ധരിച്ച്‌   കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കാത്തത്‌ എന്തുകൊണ്ട്‌ എന്ന്‌ പലരും ചോദിക്കാറുണ്ട്‌. ന്യായമായ ചോദ്യം. സ്ത്രീകൾക്ക്‌ ബ്ലൗസ്‌ ഇടാമെങ്കിൽ പുരുഷന്മാർക്ക്‌ ഷർട്ട്‌ എന്തുകൊണ്ട്‌ നിഷിദ്ധം?
കാരണം വ്യക്തമാകണമെങ്കിൽ ക്ഷേത്രത്തെപ്പറ്റി അൽപ്പം വിശദീകരണം ആവശ്യമാണെന്നു തോന്നുന്നു.
"ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതെ" എന്ന്‌ ശ്രീകൃഷ്ണൻ 'ഭഗവദ്ഗീത'യിൽ പറഞ്ഞിട്ടുണ്ട്‌
ശരീരം ആത്മചൈതന്യം വഹിക്കുന്ന ക്ഷേത്രവിഗ്രഹം പോലെയും, ആത്മാവ്‌ ഈശ്വരവിഗ്രഹത്തിലെ ചൈതന്യം പോലെയുമാണ്‌. മറ്റു മതവിശ്വാസികൾക്ക്‌ അവരുടെ ആരാധനാലയങ്ങൾ പ്രാർത്ഥിക്കാനോ സ്തുതിക്കാനോ അപേക്ഷിക്കാനോ ഉള്ള ആലയങ്ങൾ മാത്രമാകുമ്പോൾ, ഹിന്ദുക്കൾക്ക്‌ ക്ഷേത്രദർശനം ഈശ്വരവിഗ്രഹത്തിൽനിന്ന്‌ പ്രവഹിക്കുന്ന ചൈതന്യം ഉൾക്കൊള്ളാനുള്ളതത്രെ. ജീവചൈതന്യം പ്രസരിക്കുന്ന മനുഷ്യശരീരം പോലെയാണ്‌ ക്ഷേത്രങ്ങൾ.
ഈ പ്രപഞ്ചം മുഴുവൻ പഞ്ചേന്ദ്രിയങ്ങൾക്കും അതീതമായ ചില ഊർജ്ജസ്രോതസ്സുകൾ നിറഞ്ഞു നിൽക്കുന്നുണ്ട്‌. അനുഭവത്തിൽനിന്നു മാത്രമെ അതു മനസ്സിലാക്കുവാൻ സാധിക്കൂ. ഉദാഹരണമായി ഒരു സ്വിച്ച്‌ ഓൺ ചെയ്യുമ്പോൾ ഫേൻ കറങ്ങുകയോ, ബൾബ്‌ കത്തുകയോ ചെയ്യുന്നു. അപ്പോൾ നാം വൈദ്യുതിയുടെ സാന്നിദ്ധ്യം മനസ്സിലാക്കുന്നു. നമ്മളാരും വൈദ്യുതി കണ്ടിട്ടില്ല. അതുപോലെ പ്രാണവായുവിനെയോ കാന്തികപ്രവാഹങ്ങളെയോ നാം കണ്ടിട്ടില്ല. അവയുടെ സാന്നിദ്ധ്യം അനുഭവങ്ങളിലൂടെ മനസ്സിലാക്കുകയാണ്‌ ചെയ്യുന്നത്‌.
കൈത്തണ്ടയിലെ എല്ല്‌ പൊട്ടിയെന്നിരിക്കട്ടേ. അത്‌ ചേർത്ത്‌വച്ച്‌ ബാന്റേജ്‌ ഇടുക മാത്രമെ വൈദ്യശാസ്ത്രത്തിന്‌ ചെയ്യാനാവൂ. ഒരു ഡോക്ടർക്കും പൊട്ടിയ എല്ലുകൾ കൂട്ടിയോജിപ്പിക്കുവാൻ സാധിക്കുകയില്ല. എന്നാൽ, ക്രമേണ പൊട്ടിയ എല്ലുകൾ സ്വയം യോജിച്ച്‌` പൂർവ്വസ്ഥിതി പ്രാപിക്കുന്നതു കാണാം. ഈ മാന്ത്രികശക്തി എവിടെ നിന്നു കിട്ടി? ഏതു ചൈതന്യമാണ്‌ പൊട്ടിയ എല്ലിനെ വിളക്കിച്ചേർത്തത്‌.?
സൂര്യൻ കൃത്യമായി കിഴക്ക്‌ ഉദിക്കുന്നു, പടിഞ്ഞാറ്‌ അസ്തമിക്കുന്നു. ഭൂമി സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നു. സൗരയൂഥങ്ങൾ അവയുടെ നിശ്ചിത പരിധിക്കുള്ളിൽ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ഏതു ശക്തിയാണ്‌ ഇത്രയും കൃത്യമായി ഈ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്‌? ഉത്തരം മുട്ടുമ്പോൾ നാം സാധാരണ പറയുന്ന ഒരു വാക്കുണ്ട്‌. 'പ്രകൃതി നിയമം'
ഈ നിയമം ഉണ്ടാക്കിയത്‌ ആര്‌?
ഏതോ ഒരു അദൃശ്യ ശക്തി എപ്പോഴും എവിടെയും നിറഞ്ഞുനിൽക്കുന്നുണ്ട്‌ എന്ന വസ്തുത നാം അംഗീകരിക്കേണ്ടിവരും. ആ ശക്തിയാണ്‌ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്‌. പുല്ലിലും, പുഴുവിലും, മണ്ണിലും, മരത്തിലും,, മനുഷ്യരിലും, മൃഗങ്ങളിലും, സർവ്വചരാചരങ്ങളിലും പ്രപഞ്ചം മുഴുവനും ആ ചൈതന്യം നിറഞ്ഞുനിൽക്കുന്നുണ്ട്‌.
ഋഷിവര്യന്മാർ ബ്രഹ്മം എന്നും, നാം ഈശ്വരൻ എന്നും, ശാസ്ത്രജ്ഞന്മാർ ആറ്റം എന്നും അദൃശ്യമായ ഈ ചൈതന്യത്തെ - പരമാണുവെ- അഭിസംബോധന ചേയ്യുന്നു. അനുകൂലോർജ്ജം( Positive energy  ) പ്രതികൂലോർജ്ജം (Negative energy   ) എന്നിങ്ങനെ ഈ ചൈതന്യ പ്രവാഹത്തെ നിയന്ത്രിക്കുന്ന രണ്ടു ഊർജ്ജസ്രോതസ്സുകൾ പ്രപഞ്ചത്തിലുണ്ട്‌. അവമൂലമാണ്‌ ആകർഷണ-വികർഷണങ്ങൾ എവിടെയും നടക്കുന്നതും,പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും നിലനിൽക്കുന്നതും. അനുകൂലോർജ്ജം നമുക്ക്‌ ഗുണം പ്രദാനം ചെയ്യുന്നു. ക്ഷേത്രദർശനം വഴി നമുക്ക്‌ ആവശ്യമുള്ള അളവിൽ അനുകൂലോർജ്ജം ലഭിക്കുവാൻ സാദ്ധ്യമാകുന്നു.മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളെ അപേക്ഷിച്ച്‌ ഹൈന്ദവക്ഷേത്രങ്ങളിൽ ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു കാണാം ശിലയിലോ ലോഹങ്ങളിലോ നിർമ്മിച്ചിട്ടുള്ള ഇത്തരം വിഗ്രഹങ്ങൾ വെറും പ്രതിമകളല്ല. സാത്വികനായ, വേദമന്ത്രതന്ത്രങ്ങളിലും, പൂജാവിധിയിലും അഗാധമായ പാണ്ഡിത്യം നേടിയ, ശ്രേഷ്ഠനായ,തേജസ്വിയായ, വരേണ്യനായ പൂജാരിയുടെ ആത്മചൈതന്യം പൂജാകർമ്മങ്ങളിലൂടെ വിഗ്രഹത്തിലേക്ക്‌ ആവാഹനം ചെയ്യപ്പെടുന്നു. അപ്പോൾ ഈ വിഗ്രഹങ്ങൾക്ക്‌ ഊർജ്ജം ആഗീരണം ചെയ്യുവാനും, വികിരണം ചെയ്യുവാനും സാധിക്കുമത്രെ. വൈഷ്ണവ വിഗ്രഹങ്ങൾക്ക്‌   3   x  1027   ഗോസ്‌ ഇലക്റ്റ്‌ റോ മാഗ്നെറ്റിക്‌ ഊർജ്ജവും, ശൈവ വിഗ്രഹങ്ങൾക്ക്‌  3  x   1030   യൂനിറ്റും,  ഗണപതി, ശാസ്താവ്‌ എന്നീ വിഗ്രഹങ്ങൾക്ക്‌  3  x   1033  യൂനിറ്റും, മഹാകാളി വിഗ്രഹത്തിന്‌ 3 x  1035  യൂനിറ്റും, സർപ്പരാജ്ഞി വിഗ്രഹത്തിന്‌    3   x   1039ഗോസ്‌ യൂനിറ്റും ആഗീരണവും വികിരണവും ചെയ്യാൻ സാധിക്കുമെന്ന്‌ ശാസ്ത്രീയമായി ഉപകരണങ്ങളുടെ സഹായത്തോടെ തെളിയിക്കപ്പെട്ടിട്ടുണ്ട്‌.
ക്ഷേത്രത്തിനകത്തു മുഴങ്ങുന്ന ശംഖനാദം, ചെണ്ട, ചേങ്ങില, മദ്ദളം, ഇടക്ക, നാദസ്വരം, മന്ത്രധ്വനി, മണിനാദം എന്നിവയുടെ ശബ്ദഘോഷങ്ങളിലൂടെ      sound energy യും, നിറയെ കത്തിച്ചുവച്ച ദീപങ്ങളിലൂടെ പ്രകാശ-താപസ്രോതസ്സായ  light energy     യും, ചന്ദനത്തിരി, ചന്ദനം, കളഭം, കർപ്പൂരം, പനിനീർ എന്നീ സുഗന്ധദ്രവ്യങ്ങൾ, ചെത്തി, ചെമ്പരത്തി, പിച്ചകം, മന്ദാരം, തുളസി  എന്നീ പുഷ്പ പത്രാദികൾകൊണ്ടുള്ള അർച്ചനയിലൂടെ   chemical energy  യും വിഗ്രഹത്തിലേക്ക്‌ പൂജാകർമ്മങ്ങളിലൂടെ നിറക്കപ്പെടുന്നു. ഈ വിഗ്രഹത്തിൽ ആഗീരണം ചെയ്യപ്പെട്ട ഊർജ്ജം ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തരിൽ വികിരണം ചെയ്യപ്പെടുമ്പോൾ സ്വാഭാവികമായും നഷ്ടപ്പെടുന്ന ഊർജ്ജം ദിവസവും മുടങ്ങാതെ നടത്തുന്ന പൂജാകർമ്മങ്ങളിലൂടെ പൂജാരി വിഗ്രഹത്തിലേക്ക്‌ വീണ്ടും നിറയ്ക്കുകയാണ്‌ ചെയ്യുന്നത്‌. പെട്രോൾ പമ്പിലെ പെട്രോൾ തീരുമ്പോൾ ടാങ്കർ ലോറിയിൽ പെട്രോൾ കൊണ്ടുവന്നു നിറയ്ക്കുന്നതുപോലെ. പ്രപഞ്ചത്തിൽനിന്നും നിതാന്തമായ സാധനയിലൂടെ ആത്മചൈതന്യം പൂജാരിയിലേക്കും പൂജാരിയിൽ നിന്ന്‌ വിഗ്രഹത്തിലേക്കും പ്രവഹിക്കുന്നു.
പൂജാകർമ്മങ്ങൾ യഥാവിധി നടക്കാത്ത ക്ഷേത്രങ്ങളും, അതുപോലെ ഭൗതിക സുഖലോലുപരായ അജ്ഞരായ പൂജാരിമാർ പൂജയെന്ന നാമമാത്ര ചടങ്ങ്‌ നടത്തുന്ന ക്ഷേത്രങ്ങളും ചൈതന്യശൂന്യമാണ്‌.
പഞ്ചേന്ദ്രിയങ്ങളുടെ ഉത്തേജനം കൃത്യമായ അളവിൽ ക്ഷേത്രദർശനത്തിലൂടെ നമുക്ക്‌ സാധിക്കുന്നു.
കണ്ണുകളെ; ശ്രീകോവിലിലെ വിഗ്രഹത്തിന്റെ പ്രഭാമണ്ഡലം, ചാർത്തിയ സ്വർണ്ണാഭരണങ്ങൾ, തിളങ്ങുന്ന ഓട്‌` പിത്തള വിളക്കുകൾ, ജ്വലിക്കുന്ന ദീപനാളങ്ങൾ, വർണ്ണപുഷ്പങ്ങൾ എന്നിവ ചൈതന്യവത്താക്കുന്നു.
ചെവിയെ; മന്ത്രധ്വനി, വാദ്യമേളങ്ങൾ, മണിനാദം, ശംഖധ്വനി, സോപാനസംഗീതം, കീർത്തനാലാപനം എന്നിവ ഉത്തേജിപ്പിക്കുന്നു.
ത്വക്കിനെ; പ്രസാദമായി ലഭിക്കുന്ന ഭസ്മം, ചന്ദനം, കുംകുമം, കളഭം, ചെവിയിലും മുടിയിലും ചൂടുന്ന ഔഷധ പുഷ്പങ്ങൾ, ഇലകൾ എന്നിവ ചൈതന്യവത്താക്കുന്നു.
മൂക്കിനെ; കർപ്പൂരം, ചന്ദനത്തിരി, സുഗന്ധപുഷ്പങ്ങൾ,ഇലകൾ, തൈലം, പനിനീർ എന്നിവ ഉത്തേജിപ്പിക്കുന്നു.
നാക്കിനെ; തീർത്ഥം, ത്രിമധുരം, നിവേദ്യം, പായസം എന്നിവയും ചൈതന്യവത്താക്കുന്നു.
ചുരുക്കത്തിൽ ക്ഷേത്രം ഊർജ്ജസ്രോതസ്സുകളുടെ ആഗീരണ-വികിരണ കേന്ദ്രമാണ്‌
"ക്ഷയാത്‌ ത്രായതേ ഇതി ക്ഷേത്ര:" നാശത്തിൽനിന്ന്‌ സംരക്ഷിക്കുന്നത്‌ ഏതാണോ അതത്രെ ക്ഷേത്രം.
ക്ഷേത്രത്തിൽ പ്രവേശിക്കുന്ന വ്യക്തിയെ വിഗ്രഹം വികിരണം ചെയ്യുന്ന ഊർജ്ജം സ്വീകരിക്കാൻ പാകത്തിൽ തയ്യാറാക്കേണ്ടതുണ്ട്‌.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ ക്ഷേത്രങ്ങൾ ക്ഷേത്ര സങ്കൽപത്തിലും, പൂജാവിധികളിലും അനുഷ്ഠാനകർമ്മങ്ങളിലും ഉന്നത നിലവാരം ഇപ്പോഴും പുലർത്തിപ്പോരുന്നു. അതുകൊണ്ടുതന്നെ ക്ഷേത്രനിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി തോന്നിയേക്കാം.
കുളത്തിലോ പുഴയിലോ മുങ്ങിക്കുളിച്ച്‌ ഈറൻ വസ്ത്രത്തോടെ നിൽക്കുന്ന വ്യക്തിക്ക്‌ ശരിയായ ഊർജപ്രവാഹം വിഗ്രഹത്തിൽനിന്ന്‌ സ്വീകരിക്കാൻ സാധിക്കും. ഈറൻ വസ്ത്രമല്ലെങ്കിൽത്തന്നെയും
മേൽവ സ്ത്രമില്ലാതിരുന്നാലും വിഗ്രഹത്തിൽനിന്ന്‌ വികിരണം ചെയ്യുന്ന ഊർജ്ജം ശരീരത്തിൽ ഏൽക്കാൻ പുരുഷന്മാർക്കു സാധിക്കും. പുരുഷന്മാർ ഷർട്ട്‌, ബനിയൻ എന്നിവ ധരിക്കരുത്‌ എന്നു പറയുന്നത്‌ അതുകൊണ്ടാണ്‌.
പുരുഷന്മാർ നെഞ്ചിൽക്കൂടി ഈശ്വരചൈതന്യം ആഗീരണം ചെയ്യുമ്പോൾ, സ്ത്രീകൾ കണ്ഠം,നെറ്റി(പുരികമദ്ധ്യം) എന്നീ ഭാഗങ്ങളിലൂടെയാണ്‌ വലിച്ചെടുക്കുന്നത്‌. സ്ത്രീകളുടെ നെഞ്ചിലൂടെ 'ലൗവ്‌ ഹോ ർമോൺ' എന്നറിയപ്പെടുന്ന 'ഓക്സിടോസിൻ' പ്രവഹിക്കുന്നതിനാൽ ആ ഭാഗം നിഷിദ്ധമായതാണ്‌. തന്മൂലം സ്ത്രീകൾ ക്ഷേത്രത്തിൽ മാറു മറയ്ക്കുന്നു. നെഞ്ചിൽ ചന്ദനം ധരിക്കുന്നില്ല, മാറു നിലത്തു സ്പർശിക്കാത്തവിധം നമസ്കരിക്കുന്നു. കൈക്കുമ്പിൾ കൂപ്പുന്നത്‌ നെഞ്ചിനുമേലെ കണ്ഠഭാഗത്താണ്‌.
 ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഊർജ്ജപ്രവാഹം വിഗ്രഹത്തിൽ നിന്നു ലഭിക്കുവാൻ വേണ്ടിയാണ്‌ പ്രദക്ഷിണ കർമ്മം ചെയ്യുന്നത്‌. സ്ഥിരമായി പ്രതിഷ്ഠിച്ച വിഗ്രഹത്തിനു ചുറ്റും നാം പ്രദക്ഷിണം ചെയ്യുമ്പോൾ ശരീരത്തിന്റെ എല്ലാ വശങ്ങളിലും ഊർജ്ജം പതിക്കുവാൻ ഇടവരുന്നു. ഒരു വ്യക്തിയുടെ മാനസികവും, ശരീരികവുമായ ആരോഗ്യമാണ്‌ ക്ഷേത്രദർശനം കൊണ്ട്‌ പ്രധാനമായും ഉദ്ദേശിക്കുന്നത്‌.   ഭക്തി അതിനുള്ള നിമിത്തം മാത്രം.

(കടപ്പാട്‌ : ഡോ. എൻ.ഗോപാലകൃഷ്ണൻ,  ഡോ.കെ.അരവിന്ദാക്ഷൻ.)



2013, ജനുവരി 2, ബുധനാഴ്‌ച

അവിൽക്കിഴി













കണ്ണാ വരുന്നു ഞാൻ നിൻ മുന്നിൽ മാനസ-
വെണ്ണയുമായ്‌ നിൻ പദാംബുജം കൂപ്പുവാൻ
കണ്ണീരുവീണു നനഞ്ഞൊരെൻ നൊമ്പരം
വെണ്ണീരുപോലിന്നമരട്ടെ മണ്ണിതിൽ

എത്ര ദിനരാത്രമോർത്തു ഞാൻ നിന്നുടെ
ചിത്രഹർമ്മ്യത്തിന്റെ വാതിലിൽ മുട്ടുവാൻ
പട്ടിണിക്കോലമാമെൻ കൈയിലേന്തി ഞാൻ
പത്നി തന്നുള്ളോരവിൽക്കിഴി മാധവാ !

ഒന്നാ കിളിവാതിലൽപം തുറക്കുക 
എന്നെ കടാക്ഷിച്ചനുഗ്രഹിച്ചീടുക
ശംബരേശാ നിന്റെ ലീലാവിലാസങ്ങൾ
ശംഖൊലിയായെന്റെ കർണ്ണത്തിലെത്തവെ,

താളപ്പിഴപോൽ തുടിക്കുന്ന ചിത്തമാ-
മാലിലതന്നിൽ പ്രസാദം കൊതിച്ചു ഞാൻ
ഓടിവന്നെത്തി നിന്മുന്നിലരുളുക
കോടക്കാർ വർണ്ണാ സമാശ്വാസമെന്നിലായ്‌

മൗലമാം ഭക്തിതൻ പാൽക്കുടമെന്നുടെ
മൗലിയിലേന്തി ഞാനോടിവന്നീടവെ,
എന്നെ പിറകിൽ വലിക്കുന്നു ഭൗതിക-
മെന്ന കിനാവള്ളി വീണ്ടുമിടക്കിടെ

ഒന്നതു മാറ്റുക, കംസന്റെ ഗർവ്വമാം- 
കുഞ്ജരംതന്നെ നശിപ്പിച്ച മാധവാ !
എന്നെയനുഗ്രഹിച്ചീടുക ഈ കിഴി-
യൊന്നുതുറന്നവിലൽപം ഭുജിക്കുക.