ആകെ പേജ്‌കാഴ്‌ചകള്‍

2016, ജൂലൈ 4, തിങ്കളാഴ്‌ച

അന്തിവെളിച്ചംവിങ്ങുമീ കരളിനൊരാശ്വാസംപകർന്ന നീ
തേങ്ങുവതെന്തേ? പുണ്യമംഗളമുഹൂർത്തത്തിൽ
പൊങ്ങുന്നിതെങ്ങും വാദ്യഘോഷം, പൂമണമേന്തി
തെന്നലുമണയുന്നു കല്യാണപ്പൂപ്പന്തലിൽ
പട്ടുതൊങ്ങലും, പൊന്നിൻകസവും, പനിനീരിൻ
പുത്തനാം സുഗന്ധവും നിന്നെ കാത്തിരിക്കുന്നു
ചന്ദനച്ചാറും, മഞ്ഞക്കളഭച്ചാന്തും ചേർന്നു
വന്നിതാ മണിയറവാതിലും തുറക്കുന്നു.
പോവുകെന്നനുജത്തീ വിരിയുംദാമ്പത്യത്തിൻ-
പൂവുകൾ കൊരുക്കാനായ്, തേൻകനി നുകരാനായ്
പഴുതേ പാഴാക്കാതെ നിമിഷം, കണ്ണീരൊപ്പൂ
പവിഴം ചൊരിയേണ്ട ചുണ്ടുകൾ ചുവപ്പിക്കൂ.
നീലനീൾമിഴികളിൽ ചേർക്കുക സുറുമ, നിൻ-
ലോലമാം കൈയിൽ മയിലാഞ്ചിയുമണിയുക
ഒക്കെയും കാണാൻ ദൈവം കണ്ണുകൾ തന്നില്ലെന്നാ-
ലുൾക്കണ്ണാൽ കാണ്മൂ സർവ്വം ദുർഭഗയാമീ ചേച്ചി
മിഥ്യയാം സങ്കല്പത്തിൻ മേഖലയേറിപ്പോകും
മദ്ധ്യാഹ്നമാണെൻ ജന്മമെന്നിരുന്നാലും പാഴിൽ
എന്തിനോ പ്രതീക്ഷതൻ കുമ്പിളുമായ് ഞാൻ നിന്നൂ
നൊന്തിടും ഹൃത്തിൽപൂത്ത പൂക്കളുമായന്നാളിൽ
മുറ്റത്തെ കണിക്കൊന്ന പൂത്തും ഹാ! കൊഴിഞ്ഞുമേ
മുപ്പതു സംവത്സരം മുന്നോട്ടു കടന്നുപോയ്
നിറയും കണ്ണീർത്തുള്ളിയിറ്റിറ്റുവീണീമണ്ണിൻ-
തറയിൽ കുറിച്ചെത്ര കഥകൾ, കവിതകൾ.
തകരും പ്രതീക്ഷകൾക്കൊപ്പമെന്നാത്മാവിൽ നീ
പകരും സമാശ്വാസമെന്നെ ജീവിപ്പിക്കുന്നു.
പോവുകെന്നനുജത്തീ വിരിയും ദാമ്പത്യത്തിൻ-
പൂവുകൾ കൊരുക്കാനായ്, ഭാവുകമേകുന്നൂ ഞാൻ.

2016, ഫെബ്രുവരി 2, ചൊവ്വാഴ്ച

ഓടക്കുഴലിന്റെ ഓർമ്മയ്ക്ക്‌.ഒരു ‘നിമിഷ’മെന്മുന്നിൽ ‘സൂര്യകാന്തീ’ നല്കി
പുതു ‘വിശ്വദർശനം’, കാവ്യോപഹാരമായ്!
‘പഥികന്റെ പാട്ടു’മാ‘യോടക്കുഴൽ’നാദ-
മുയരവേ, ‘ജീവനസംഗീത’മൊഴുകവേ,
‘ഓർമ്മയുടെ ഓളങ്ങൾ’ മന്ദം തുടിക്കവേ,
ഓർക്കുന്നു ഞങ്ങളിന്നങ്ങതൻ സിദ്ധികൾ.
‘എന്റെ വെയിൽ’ എന്റെ നിഴലെന്നു ചിന്തിച്ചഹോ
സംതൃപ്തനായുള്ളൊരാ ‘പെരുന്തച്ചനെ’,
കൈകൂപ്പി വന്ദിച്ചിടട്ടെ ഞാൻ ‘ജീ’യെന്ന
കൈത്തിരിനാളത്തെ, കാവ്യപ്രപഞ്ചത്തെ,
ആദ്യമായ് കേരളമണ്ണിലേക്കെത്തിച്ചൊ-
രാജ്ഞാനപീഠവിശിഷ്ടജേതാവിനെ.
തൻ കാവ്യശില്പങ്ങളിൽ ചേർത്ത ‘സാഹിത്യ-
കൌതുകം‘ കാൺകവേ, വിസ്മയമെങ്ങുമേ.
ശ്രേഷ്ഠം, വിശിഷ്ടം, മലയാളമണ്ണിന്റെ
ഭാഗ്യം, സഹർഷം കുനിപ്പു ഞാൻ ശീർഷവും !

2016, ജനുവരി 15, വെള്ളിയാഴ്‌ച

ഇത്തിരി മധുരംകയ്പുനീർ മോന്തിക്കുടിച്ചു ശീലിച്ച ഞാൻ കൈക്കുമ്പിൾ നീട്ടീ മധുരം നുകരുവാൻ നീലക്കറവീണപാടുള്ള മാനസ- ത്താലത്തിലല്പമമമൃതം നുണയുവാൻ മാരിവില്ലൂന്നി തുടരെ കരിമേഘ- പാളികൾ മിന്നൽ തൊടുക്കുന്നു ചുറ്റിലും പാടേവരണ്ട കവിൾത്തട്ടിൽ രണ്ടിറ്റു ചൂടുള്ള കണ്ണീരുതിർന്നു തകരവേ കണ്ടൂ പുതുമഴ, കർഷകരാദ്യമാ- യുണ്ടൂ മധുരം, മണലിൻതരികളും വിങ്ങുന്നൊരായിരം ചിന്താശകലങ്ങൾ തിങ്ങി ഹാ! നിശ്ചലം നില്ക്കുമീരാവിതിൽ ചന്ദനക്കൈയിൽ വിശറിയുമായുടൻ വന്നൂ മധുരം പകരുവാൻ തെന്നലും നീറുന്ന മാനസവേദിയിൽ വീഴുന്നു നീളുന്ന നിശബ്ദതതൻ യവനിക ലോലമായ് പാടുന്നിതെങ്ങുനിന്നോ ഗാന- മാല മധുരം പുരട്ടിയാ പൂങ്കുയിൽ കണ്ണിണ പൂട്ടിയുയരുന്നു സ്വപ്നമാം- വിണ്ണിലുറക്കിൻ ചിറകിലൂടെങ്കിലും തന്മണിപ്പൈതലി‘ന്നമ്മാ’വിളിമതി യമ്മയ്ക്കു നിത്യം മധുരം പകരുവാൻ യാതനാനിർഭര ജീവിതയാത്രയിൽ പാതിയും തോണി തുഴയും കരങ്ങളിൽ
ഒട്ടിപ്പിടിച്ചു കിടപ്പതു തന്നെയാം തട്ടിപ്പറിക്കാൻ കഴിയാത്ത മാധുരി ലോകം മുഴുവൻ മധുരമമാണെങ്കിലും ശോകമുണ്ടീ കയ്പുനീരു കുടിക്കുവാൻ.

2015, ഡിസംബർ 31, വ്യാഴാഴ്‌ച

ഓലക്കുട

ഇന്നലെയുച്ചയുറക്കിൽ പുതിയൊരു
സ്വപ്നം കണ്ടോ കണ്ണൂതുറന്നൂ
പൊന്മുകിൽമാലകൾ ? കവിളുതുടുത്തൊരു
മഴവില്ലഴകു വിരിഞ്ഞുവരുന്നു.
ആരും കാണാതാപ്പൂംകവിളിൽ
തുടരെത്തുടരെ ചുംബനമേകാൻ
വാരിപ്പുണരാൻ, കോൾമയിരേകാൻ
മാമലനിരകൾക്കെന്തോ മോഹം !
അമിതാനന്ദംകൊണ്ടോ ചൊല്ലൂ
കണ്ണുനിറഞ്ഞു, കവിളുനനഞ്ഞു,
അറിയാതോ നിൻ വളകൾ കിലുങ്ങീ
പട്ടുടയാടകൾ കാറ്റിലുലഞ്ഞൂ ?
പുതുമഴപെയ്തെന്നാരോ ചൊന്നു
കാറ്റോ, മണമോ, കുളിരോ, മണ്ണിൻ-
പുളകച്ചാർത്തോ, വറ്റിയ കിണറി-
ന്നടിയിലുയർന്നൊരു നാദസ്വരമോ?
എന്റെ മനസ്സിൻകൂട്ടിലുറങ്ങിയ
വേഴാമ്പൽപിട കണ്ണുതുറന്നു,
ചുണ്ടുവിടർത്തീ, ചിറകുവിരുത്തീ-
ട്ടതിദയനീയം ചുറ്റും നോക്കി
പീലിച്ചുരുളുനിവർത്തിയ മയിലിൻ
നൃത്തം കാണ്മൂ ഞാനീപഴകിയൊ-
രോലക്കുടയിൽ മങ്ങിമയങ്ങിയൊ-
രോർമ്മയുയർത്തിയ വെള്ളിത്തിരയിൽ
പത്തുവയസ്സിൻ പ്രസരിപ്പോടെൻ
കൌമാരത്തിൻ പദയാത്രകളുടെ
മുദ്രാവലികൾ തെളിഞ്ഞുകിടപ്പു-
ണ്ടിന്നും മുന്നിൽ, സ്മൃതിയുടെ മണ്ണിൽ
കൈയിൽ ചട്ടംപൊട്ടിയ കല്പല,
താളുകൾകീറിയപുസ്തക, മതിനുടെ-
യുള്ളിൽ പ്രസവം കാത്തുകിടക്കും
നീലപ്പീലികൾ, കടലാസുറകൾ,
കുപ്പായത്തിൻ കീശയ്ക്കുള്ളിൽ
ഗോട്ടികളൊപ്പം കിങ്കിലമാടും
കുപ്പിച്ചില്ലുകൾ, അങ്ങനെ പലതും
പേറി ഞാനൊരു വിദ്യാർത്ഥിയുമായ്
ഓർമ്മിക്കുന്നേനിന്നും പഴയൊരു
കാറ്റും മഴയും, ചക്രംപൂട്ടിയൊ-
രോലക്കുടയും, അതുപങ്കിട്ടൊരു
പാവാടപ്പെൺകൊടിയുടെ ചൊടിയും
ആലിൻചോട്ടിൽ വിരിഞ്ഞൊരു മഴവി-
ല്ലൊളിപോൽ നില്പ്പാണവളന്നൊരുനാൾ
കാലുവിറയ്ക്കും കുളിരിൽ, മഴയി-
ലുരുമ്മും കാറ്റിൽ കുടയില്ലാതെ.
“കൂടെ വരുന്നോ?” ചൊന്നൂ ഞാനതു-
കേൾക്കുംപൊഴുതവൾ വന്നെൻകുടയുടെ
ചോടെ നിന്നൂ, വിരിയും മുല്ല-
പ്പൂവിൻ പുഞ്ചിരിയല്ലോ തന്നൂ.
“എന്തിനു പെണ്ണേ പഞ്ചാരച്ചിരി,
നിൻമണവാളൻ വന്നിട്ടുണ്ടോ?
എന്തെന്തെല്ലാം സമ്മാനങ്ങൾ
തന്നൂ, തളയോ, വളയോ ചൊല്ലൂ”
ഒന്നു ചൊടിച്ചവൾനിന്നൂ, പിന്നെ
ചെവിയിൽ ചൊന്നൂ പരമരഹസ്യം...
“തന്നതു പറയാം...പിന്നെ...പിന്നെയൊ-
രോലക്കുടയാണോടിമറഞ്ഞൂ.”

2015, ഡിസംബർ 18, വെള്ളിയാഴ്‌ച

ജവാന്റെ കവിതഞാനലയുകയാണ്‌ പകലും രാവും കയ്യിൽ
പാനപാത്രവുമായി പകരൂ ഗാനാമൃതം
ദാഹമാണെനിക്കെന്തു ദാഹമാണെന്നോ ! നിങ്ങൾ-
ക്കൂഹിക്കാൻ വയ്യെൻ ചുണ്ടുവരളുന്നല്ലോ വീണ്ടും
നീലനീരദങ്ങളേ! നിങ്ങൾതൻ മൃദുലമാം
തോളിലേക്കുയർത്തീട്ടെൻ നാട്ടിലൊന്നെത്തിച്ചെങ്കിൽ
അമ്മലയോരത്തൂടെയൊഴുകും മന്ദാനില-
ചുംബനമേറ്റെൻ ചുണ്ടിൽ കിനിയും ഗാനാമൃതം.
പച്ചിലത്തട്ടം നീക്കി നൃത്തമാടീടും കാട്ടു-
പിച്ചകപ്പൂവൊക്കെയും നുള്ളി ഞാനറുത്തീടും
അമ്മലരിതളുകൾ, കവിതാസങ്കല്പങ്ങ-
ളുമ്മവെച്ചൊരു സ്വർഗ്ഗസീമയിലണയും ഞാൻ
ഗാനവീചികൾ മീട്ടും കാട്ടുചോലതൻ വക്കിൽ
ഞാനൊരു പൊന്മാനായണഞ്ഞീടും ദാഹംതീർക്കാൻ
ചുറ്റിലും വെടിയൊച്ച, അട്ടഹാസങ്ങൾ, ശാന്തി
മൊട്ടിടാതെരിയുമീ പട്ടാളത്തീച്ചൂളയിൽ
ഒരു തേന്മലർമഴ പെയ്യിക്കാൻ. തളരുമീ-
വരളും ചുണ്ടിൽ ഗാനമധുരം പകർന്നീടാൻ
ആ മലയോരം വിട്ടു കവിതേ വന്നാലും ഞാ-
നോമനക്കിളിക്കൂടുവെച്ചു കാത്തിരിക്കുന്നു.

2015, ഡിസംബർ 9, ബുധനാഴ്‌ച

പുസ്തക പ്രകാശനം

12-12-2015 രണ്ടാം ശനിയാഴ്ച രാവിലെ 10.30 ന്‌ എന്റെ അഞ്ചാമത്തെ പുസ്തകം “ ശേഷം മുഖതാവിൽ” (ആത്മകഥ) കൂത്തുപറമ്പ് വൃദ്ധജനസേവന കേന്ദ്രം ഹാളിൽവച്ച്‌ നൂറില്പരം ഗണിതശാസ്ത്രഗ്രന്ഥങ്ങളുടെ രചയിതാവും, കണ്ണൂർ സയൻസ് പാർക്ക് ഡയറക്റ്ററുമായ ശ്രീ. പള്ളിയറ ശ്രീധരൻ പ്രകാശനം ചെയ്യുന്നു. ഏറ്റുവാങ്ങുന്നത്‌ ശ്രീ.രാമകൃഷ്ണൻ കണ്ണോം(കണ്ണൂർ ജില്ലാ കവിമണ്ഡലം ജനറൽ കൺവീനർ). ചടങ്ങിലേക്ക്‌ എല്ലാ സുഹൃത്തുക്കളേയും സ്നേഹപൂർവ്വംക്ഷണിക്കുന്നു.

2015, നവംബർ 25, ബുധനാഴ്‌ച

ആരു നീ

നീയാരു ചാരുതേ! വാർമഴവില്ലിന്റെ
മായികകാന്തിയുമായ് വന്ന ദേവതേ !
രാഗസുധാരസമേകും തവഗാന-
സാഗരവീചികൾ മുന്നിലുയരവേ,
ഞാനറിയാതതിൽ ചേർന്നൊഴുകീടുക-
യാണൊരു പച്ചിലത്തോണിപോലോമലേ.
നിൻനൂപുരസ്വരധാരകൾ തീർക്കുന്നു
മുന്നിലൊരപ്സരകന്യകാനർത്തനം.
മഞ്ഞിന്റെ മൂടുപടം നീക്കി മംഗള-
മഞ്ജരിയോടുഷസ്സെത്തിനോക്കീടവേ,
പാടലകാന്തി ചിതറും തവനൃത്ത-
പാടവംകണ്ടൊന്നു നാണിച്ചിരിക്കണം!
അപ്പൂങ്കവിളിലസൂയതൻ ചെമ്പനീർ-
മൊട്ടുകളൊക്കെയും പൂവിട്ടിരിക്കണം!
വാർകൂന്തൽ ചീകിയലസമിരുളിന്റെ
വാതിലുംചാരിനിന്നീടുന്നു സന്ധ്യയും
അച്ചുരുൾകൂന്തലിൽ ചൂടിയ വാടിയ
തെച്ചിമലരടർന്നപ്പുറം വീണുപോയ്
നിൻരാഗമാസ്മരചൈതന്യമേല്ക്കവേ
നിന്നെ നമിക്കുന്നു സാഗരതീരവും.
ഏകാന്തരാവിൽ നീ താരകപ്പൂവുക-
ളേകിടാറുണ്ടെനിക്കാത്തളിർക്കൈകളാൽ
നിർത്തുമാമായികനർത്തനമപ്പൊഴാ-
ഹൃത്തടമെന്തോ കൊതിച്ചുമിടിച്ചിടും
താരകപ്പൂവുകൾ കോർത്തൊരു ഭാവനാ-
ഹാരമണിയിച്ചു മാറി ഞാൻ നില്ക്കവേ,
പൊട്ടിവിരിയുന്ന പുഞ്ചിരിയോടൊത്തു
നർത്തനലാസ്യവിലാസം തുടരും നീ.
അപ്പൊഴാ കൺകളിൽകാണ്മു ഞാനീവിശ്വ-
മൊക്കെയും മിന്നിപ്രതിഫലിക്കുന്നതായ്
നീയാരു ചാരുതേ, വാർമഴവില്ലിന്റെ
മായികകാന്തിയുമായ് വന്ന ദേവതേ !